01 December 2011

അഭിവാദ്യങ്ങൾ!

30 ലക്ഷത്തിൽ പരം വരുന്ന ജനങ്ങളുടേ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാജ്യത്ത് ഇതിന് മുൻപ് നിരാഹാരം അനുഷ്ടിച്ചിട്ടുണ്ടാകുമോ? ഒരു സ്വാഭാവിക മരണം പോലും അസ്വസ്തമാക്കുന്ന നമ്മുടെ മുന്നിൽ ജീവിക്കാനുള്ള അവകാശത്തിനായി അധികാരികളോട് കേഴുന്നത് മൂന്നര മില്യൺ ജനങ്ങൾ! വിചിത്രമായിരിക്കുന്നു ഇന്ത്യാ, നിന്റെ ക്രൂരമായ മനക്കരുത്തിനുമുന്നിൽ ലജ്ജിക്കാതിരിക്കാനാവുന്നില്ല. അതിരുകളില്ലാതെ വെള്ളക്കാരന്റെ തോക്കിൻ കുഴലിൽ നെഞ്ച് വിരിച്ച് നിൽക്കാൻ ഇതിലേറെ അഭിമാനമായിരുന്നില്ലേ ഞങ്ങളുടേ പൂർവ്വികർക്ക്. വാക്കുകളില്ലാതെ അതിർവരമ്പുകളില്ലാതെ നിന്നെ പുകഴ്തുമ്പോഴും ഞങ്ങൾക്ക് പരസ്പരം തർക്കിക്കാൻ നീ അനവസരത്തിൽ വിഷയങ്ങളിട്ട് തരുമ്പോഴും ഇത്ര വലിയൊരു ക്രൂരത നിന്നെ സ്നേഹിച്ച നിന്റെ മക്കളോട് വേണ്ടായിരുന്നു. ദാഹം തീർക്കാൻ 35 ലക്ഷം ജനങ്ങളുടെ ശവം കഴുകിയ വെള്ളം തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്ന സഹോദരനെ സൃഷ്ടിച്ചത് നിന്റെ ഏത് ക്രൂരതയാലാണ്. അന്ന് സ്വാതന്ത്രത്തിന്റെ പൊൻ പുലരികാണാൻ ദേശവും ഭാഷയും മറന്ന പോരാളികളേ, എന്തിനാണ് ഞങ്ങളേയോർത്ത് കരയാൻ ഇങ്ങനെയൊരു രാജ്യം നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്?

മരണം കാത്ത് കിടക്കുന്ന ഡാമിന്റെ കീഴെ ഒരു ദിവസമെങ്കിലും ഭീതിയില്ലാതെ താമസിക്കാൻ എന്റെ നേതാക്കളേ, നിങ്ങൾ തയ്യാറുകുമോ? ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നിങ്ങൾ അവിടെ നിൽക്കില്ല. ഇതിനിടയിലാണ് 4 ജില്ലകളുറങ്ങുന്നതെന്നോർക്കുക. ഒരു ചർച്ചക്കും പരിഹാരങ്ങൾ ഉണ്ടാവില്ല. ആപത്തുകൾ സംഭവിച്ച് കഴിഞ്ഞിട്ട് അനുശോചന സന്ദേശമിറക്കാൻ വാക്കുകൾ തയ്യാറാക്കുന്ന തിർക്കിലാവും നിങ്ങൾ. ഒന്നോർക്കുക, നിങ്ങൾ ചവച്ച് തുപ്പുന്ന വാക്കുകൾക്ക് ആ മലവെള്ളപ്പാച്ചിലിനെ തടഞ്ഞ് നിർത്താനായിരുന്നെങ്കിൽ എന്ന് വിലപിക്കുന്ന ഒരു ദിനം വരാതിരിക്കാൻ വേണ്ടി, പ്രവർത്തിക്കൂ... ഇത് തോടുകൾ വെട്ടിയ കേരളത്തിന്റെ റോഡുകൾ നന്നാക്കാനുള്ള രോദനമല്ല, അനധികൃത കുടിയേറ്റങ്ങളുടെ രഹസ്യങ്ങൾ അന്വേഷിക്കുന്ന വിവാദങ്ങളല്ല, വിലക്കയറ്റമോ കുത്തക വിപണനത്തിന്റെ വാതിലുകൾ തുറക്കുന്ന പ്രശ്നമോ അല്ല. ഒരു രാത്രികൊണ്ട് ഒലിച്ച് പോയേക്കാവുന്ന ഗ്രാമങ്ങുളൂടെ, നഗരങ്ങളൂടെ, ഒരു ദേശത്തിന്റെ, ഒരു ജനതയുടെ ജീവന് വേണ്ടിയുള്ള അവസാനത്തെ തേങ്ങലാണ്. ഒരു നിമിഷം ഞെട്ടലോടെ അത് സംഭവിച്ചെന്ന് ടെലിവിഷൻ സ്ക്രീനിൽ വലിയ അക്കങ്ങളിട്ട് വായിക്കാൻ ഞങ്ങൾ അശക്തരാണ്. ഞങ്ങളുടേ സഹോദരങ്ങളുടെ ജീവന് നിങ്ങൾ എന്ത് വിലയിട്ട് നൽകിയാലും പകരമവില്ലന്നോർക്കുക.

നിരാഹാര സമരം നടത്തുന്ന ബിജിമോൾ, പിസി തോമസ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർക്ക് അഭിവാദ്യങ്ങൾ!
ഡാമിന്റെ ജലനിരപ്പ് താഴ്ത്താൻ അടിയന്തിരമായി പ്രവർത്തിക്കുക.
ജനങ്ങളൂടേ ഭീതി പൂർണ്ണമായി ഇല്ലാതാക്കുക.
ജയ് ഹിന്ദ്!