അഴിമതിക്കെതിരെ ഒരു പുതിയ മുന്നേറ്റത്തിന് നാന്നി കുറിച്ചുകൊണ്ടാണ് ദില്ലിയിലെ രാംലീല മൈതാനിയിൽ അണ്ണാ ഹസാര തന്റെ 13 നാൾ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. അഴിമതിയിൽ പൊറുതിമുട്ടിയ (മുങ്ങിക്കിടക്കുന്ന..) ഇൻഡ്യൻ ജനതയെ, അവർക്ക് അപരിചിതമായ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അവകാശാധികാരങ്ങളുടെയും ബോധതലത്തിലേക്ക് തല്ക്കാലത്തേക്കെങ്കിലും ഉയർത്തിക്കൊണ്ടുവരുവാൻ അണ്ണാ ഹസാരേക്ക് കഴിഞ്ഞു എന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന സവിശേഷത. ജനാധിപ്ത്യ സംവിധാനത്തിൽ കേവലം വോട്ടുരേഖപ്പെടുത്തൽ മാത്രമല്ല ഒരു പൗരന്റെ ധർമം. മറിച്ച് അവനാണ് യതാർത്ഥ യജമാനൻ എന്ന് ജനങ്ങളെയും അതുപോലെ തന്നെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഉതരാവാദിത്വപ്പെട്ടവരാണ് ജനപ്രതിനിധികൾ എന്നും ഉള്ള ഒരു ഓർമ്മപ്പെടുത്തലായി വേണം ഈ സമരത്തെ നോക്കിക്കാണുവാൻ.
കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ലോക്പാൽ ബിൽ പിൻ വലിച്ച് തങ്ങളുടെ ജന ലോക്പാൽ ബിൽ സഭ ചർച്ച ചെയ്തു പാസാക്കണം എന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടപ്പോൾ, അത് നിയമനിർമാണപ്രക്രിയയിൽ പാർലമെന്റിനുള്ള പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അപ്രായോഗികമണെന്നും ഭരണഘടനാ വിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും അരോപിച്ച സർക്കാർ പിന്നീട് തങ്ങളുടെ നിലപാടുകളിൽ അയവുകൾ വരുത്തുവാൻ തയ്യാറാവുകയുണ്ടായി. അതുപോലെ, അവസരത്തിനൊത്തുയർന്ന് തങ്ങളുടെ കടും പിടുത്തങ്ങളിൽ അയവുകൾ വരുത്തുവാനും പാർലമെന്റിന്റെ പൊതുവികാരത്തെ മാനിക്കുവാനും നിരാഹാരം അവസാനിപ്പിക്കുവാനും ഹസാരെയും നിർബന്ധിതനാവുകയുണ്ടായി. ഇത് യതാർത്ഥത്തിൽ ഒരു നല്ല സൂചനയാണ്. മറ്റു രാജ്യങ്ങളിലേതിൽ നിന്നും ഇൻഡ്യൻ ജനാധിപത്യം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇൻഡ്യൻ ജനാധിപത്യവും ഭരണസംവിധാനങ്ങളും അഴിമതിയിൽ മുങ്ങികുളിച്ച് നില്ക്കുകയാണ് എന്ന് പറയുമ്പോഴും പൗരന്മാരും ജനപ്രതിനിധികളും ഒന്നാണെന്നും അവരുടെ ലക്ഷ്യങ്ങളും ഒന്നാവണം എന്നും ഉള്ള ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുക വഴി ഇൻഡ്യൻ ജനാധിപത്യം ലോകോത്തരമാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണുണ്ടായത്. ഇത്തരത്തിൽ ഈ സമരത്തെ ഒരു വിജയമായി വ്യഖ്യാനിക്കവുന്നതാണ്.
എന്നാൽ ഇൻഡ്യാഗേറ്റിലും രാജ്യത്തെമ്പാടും കൂറ്റൻ റാലികൾ നടക്കുമ്പോഴും അഹ്ളാദാരവങ്ങൾ ഉയരുമ്പോഴും സമരം അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ എത്രകണ്ട് വിജയിച്ചു എന്നത് പരിശോധിക്കേണ്ട വിഷയം ആണ്. ഇത്തരമൊരു സമരത്തിലേക്ക് ഹസാരേയും കൂട്ടരെയും കൊണ്ടെത്തിച്ച സാഹചര്യങ്ങൾ അതേപടി നിലനില്ക്കുകയാണ്. ഇൻഡ്യൻ ജനാധിപത്യസംവിധാനം അതിന്റെ ഘടനാ പരമായാ വീഴ്ച്ചകളും ദൗർബല്യങ്ങളും തീർത്ത ചക്രവ്യൂഹത്തിനുള്ളിൽ പകച്ചു നില്ക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലനില്ക്കുന്നത്. ഇൻഡ്യൻ രാഷ്ട്രപതിയുടെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ സിംഹഭാഗവും കവർന്നെടുത്തത് അഴിമതി എന്ന വിഷയമായിരുന്നു. അഴിമതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും അടിയന്തിരമായി രാഷ്ട്രത്തെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആഹ്വാനവും ആയിരുന്നു ആ സന്ദേശത്തിന്റെ സാരം. അങ്ങനെ അഴിമതിക്കു് കടിഞ്ഞാണിടുക എന്ന ഉദ്ദേശത്തോടെ ലോക്പാൽ നടപ്പിലാകുവാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. എന്നാൽ പ്രധാനമന്ത്രിയെയും, ജുഡീഷ്യറിയെയും,പാർലമെന്റംഗങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള ലോക്പാലിന് സർക്കാർ ശ്രമിച്ചപ്പോൾ യതാർത്ഥത്തിൽ ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസവും, സർക്കാരിന് ജനങ്ങളോടുള്ള ആത്മാർത്ഥതയുമാണ് തകർന്നത് (ഇതു തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും...). അപ്പോഴാണ് ഹസാരേയും സംഘവും കടന്നു വരുന്നതും കാര്യങ്ങൾ ഏറ്റെടുക്കുന്നതും. നിരാഹാരസമരം അവസാനിച്ച ഈ ഘട്ടത്തിലും മേല്പ്പറഞ്ഞ വിഷയങ്ങളിൽ എന്തെങ്കിലും പുനരാലോചന ഉണ്ടായതായി അറിയുവാൻ കഴിഞ്ഞിട്ടില്ല. മാനക്കേടില്ലാതെ സമരം അവസാനിപ്പിക്കുവാനുള്ള ഒരു വഴിയെന്നവണ്ണം, ഹസാരെ മുന്നോട്ട് വച്ച് 3 നിബന്ധനകൾ പ്രമേയത്തിലുൾപ്പെടുത്തി സർക്കാരും ഹസാരെയും തലയൂരുകയായിരുന്നോ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ലോക്പാൽ പരിധിയിൽ ഉൾപ്പെടുത്തൽ, പൗരാവകാശ രേഖ പ്രദർശിപ്പിക്കൽ, സംസ്ഥാനതലത്തിൽ ലോകായുക്ത നിയമനം ഇവ ചെറിയ കാര്യങ്ങൾ അല്ല തന്നെ. പക്ഷെ ഈ 3 കാര്യങ്ങൾ മാത്രമല്ല ഹസാരെ മുന്നോട്ട് വച്ചത്. പ്രക്ഷോഭത്തിന്റെ തുടക്കത്തിലെ പ്രധാന ആവശ്യമായ പ്രധാനമന്ത്രിയെ ലോക്പാൽ പരിധിയിൽ ഉൾപ്പെടുത്തലുമായി ബന്ധപെട്ട കാര്യങ്ങളിൽ ഒരു സൂചനയും എങ്ങും ഇല്ല.
അനുയായികളോട് വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുവാൻ ആഹ്വാനം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അണ്ണാ ഹസാരെ തന്നെയാണ് വളരെ സൗമ്യനായി സൂചിപ്പിച്ചത്. സമരം പാതിവഴിയിലെത്തിയിട്ടേയുള്ളൂ എന്നും ലക്ഷ്യം പൂർത്തിയാക്കാൻ കൂടുതൽ സമരം വേണ്ടിവരും എന്നും ഉള്ള അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് തന്നെയാണ് സമരവിജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നത്.