ആദ്യത്തെ ആദ്യദിനത്തിന്റെ ഒരു നേർത്ത ഓർമ്മ പോലും നമ്മിലാർക്കും ഉണ്ടാകാൻ സാദ്ധ്യതയില്ല. ഒരു പക്ഷെ, കരഞ്ഞ് കൂവി ആർത്തലച്ചു കൊണ്ടായിരിക്കണം നാമെല്ലാം നമ്മുടെ ആദ്യത്തെ ആദ്യദിനം ആഘോഷിച്ചിട്ടുണ്ടാവുക. ഒരു കൂട്ടം ചിരികൾക്കു നടുവിലായി കരഞ്ഞു കലങ്ങി ക്ഷീണിച്ചു മയങ്ങി അതു തള്ളി നീക്കിയിട്ടുണ്ടാവണം നാമെല്ലാം. എന്നാൽ ഒടുവിൽ, ആ അവസാന ദിനത്തിന് ശേഷമുള്ള ആദ്യദിനം ഒരു കൂട്ടക്കരച്ചിലിനിടയിലായിരിക്കും നാം കൊണ്ടാടുക എന്നതിൽ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു നീർക്കുമിള പോലെയുള്ള ഈ മനുഷ്യജീവിതത്തിൽ എത്രയധികം ആദ്യദിനങ്ങളിലൂടെയാണ് നമുക്ക് കടന്ന് പോകേണ്ടതായുള്ളത് എന്ന് ആലോചിച്ചാൽ ആദിയല്ലാതെ ഒരു അന്തവും കാണില്ല. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചതിന് പിന്നിലെ ചിന്ത എന്റെ ആറ് വയസ്സുകാരി മകളുടെ ഒരു ആദ്യദിനം ഈ ദിനം കടന്നുപോയി എന്നതാണ്. മേല്പ്പറഞ്ഞ നൂറായിരം ആദ്യദിനങ്ങളിൽ ഒന്ന്. ഇന്നായിരുന്നു ഒന്നാം തരത്തിലെ അവളുടെ ആദ്യദിനം. ഇതിനുമുൻപ് കുറെയധികം ആദ്യദിനങ്ങൾ മോശമല്ലാതെ കരഞ്ഞ് വിജയകരമായി പിന്നിട്ട അവൾക്ക് ഈ ആദ്യദിനവും എറെ വ്യത്യസ്തമായിരുന്നില്ല. പുതിയ വിദ്യാലയം, പുതിയ അദ്ധ്യാപകർ, പുതിയ കൂട്ടുകാർ, പുതിയ അന്തരീക്ഷം - എന്നിരുന്നാലും പഴയ വിദ്യാലയം, പഴയ അദ്ധ്യാപകർ, പഴയ കൂട്ടുകാർ, പഴയ അന്തരീക്ഷം ഇവയുടെ നഷ്ടബോധം ഉൾക്കൊള്ളുവാൻ കഴിഞ്ഞതിനാലാണോ കഴിയാത്തതിനാലാണോ എന്നറിയില്ല, ഇന്ന് സാമാന്യം നന്നായി അവൾ കരഞ്ഞു. ആദ്യദിനമായതിനാൽ ആദ്യമേ വന്ന് തിരികെ വിളിക്കണം എന്ന് ആവശ്യപ്പെട്ട് എട്ടുദിക്കും പൊട്ടുമാറുച്ചത്തിലവൾ കരഞ്ഞു. അപ്പോൾ വിദ്യാലയത്തിന്റെ ആദ്യ(പ്രഥമ)അദ്ധ്യാപിക വന്ന് ആദ്യദിനം തന്നെ നേരത്തെ വിളിച്ചുകൊണ്ടുപോകുവാൻ അനുവദിക്കില്ലെന്ന് ആദ്യമേ തന്നെ അറിയിക്കുകയാണ് എന്ന് പറഞ്ഞു. ഒരു പക്ഷെ, ആദ്യദിനങ്ങളുടെയെല്ലാം ദുർവിധിയായിരിക്കണം ഈ കരച്ചിൽ. സന്തോഷത്താലോ, സന്താപത്താലോ എന്തായാലും കൊള്ളാം ആദ്യദിനത്തിൽ ആരെങ്കിലും ഒന്ന് കരയണം. അതില്ലെങ്കിൽ അരഞ്ഞാണമില്ലാത്ത കുഞ്ഞിനെപ്പോലെ, ആദ്യദിനത്തിനെന്തോ കുറവുള്ളതുപോലെ തോന്നിപ്പോകും...
ഇങ്ങനെ കരഞ്ഞും ചിരിപ്പിച്ചും, ചിരിച്ചും കരയിപ്പിച്ചും ആദ്യദിനങ്ങൾ കടന്നുപോകുമ്പോൾ ഒരു സംശയം ബാക്കിയാകുന്നു...ഓരോ ദിനവും ഒരാദ്യദിനമല്ലെ? അങ്ങനെ തല പുകച്ചുകൊണ്ടിരിക്കുമ്പോൾ മകൾ അരികത്ത് വന്ന് പറഞ്ഞു “ഇന്ന് നേരത്തെ ഉറങ്ങണം, നാളെ എന്റെ സ്ക്കൂളിലെ ഫസ്റ്റ് സെക്കൻഡ് ഡേയാണ് !!! ”
No comments:
Post a Comment