05 June 2011

പരിസ്ഥിതിയുടെ പരിതാപസ്ഥിതി

     മാവും പ്ളാവും, പനയും പുളിയും, തെങ്ങും കവുങ്ങും, പേരയും നെല്ലിയും, ജാതിയും ജാമ്പയും, ചേമ്പും ചേനയും, വാഴയും വെണ്ടയും, തേക്കും ആഞ്ഞിലിയും, ഈട്ടിയും വീട്ടിയും, പിച്ചിയും മുല്ലയും, തെച്ചിയും മന്ദാരവും, തുമ്പയും തുളസിയും, റോസയും നാലുമണിയും, തൊട്ടാവാടിയും ചെമ്പരത്തിയും, കൈതോന്നിയും കൈനാറിയും, വള്ളിപ്പയറും വെള്ളരിയും, കറിവേപ്പും ആര്യവേപ്പും, ആലും പേരാലും, മുരിക്കും മുരിങ്ങയും, പാവലും പടവലവും, വഴുതനയും നിത്യവഴുതനയും, പച്ചമുളകും കുരുമുളകും, ഇഞ്ചിയും പുളിഞ്ചിയും, കൈതയും കശുമാവും, മത്തനും മൈലാഞ്ചിയും, കുമ്പളവും കൂവളവും, കോവയ്ക്കയും അമരയ്ക്കയും എല്ലാം തന്നെ പടർന്ന്‌ പന്തലിച്ച് പരിലസിച്ചിരുന്ന സസ്യശ്യാമള വർണകോമളമായ പ്രകൃതിയെയാണ്‌ ഏകദേശം 30 വർഷങ്ങൾ മുൻപ്‌ വരെ നമുക്കു ചുറ്റും കാണുവാൻ സാധിക്കുമായിരുന്നത്‌. പച്ചപ്പട്ട്‌ പുതച്ച വയലേലകളും, വെള്ളിയരഞ്ഞാണമണിഞ്ഞ കുന്നിൻ തലപ്പുകളുമെല്ലാം ഏവരുടെയും കണ്ണുകളിലും മനസ്സിലും കുളിർമ്മ നിറക്കുന്ന കാഴ്ച്ചകളായിരുന്നു. എന്നാൽ ഇന്ന്‌ അവസ്ഥയിതല്ല. പ്രകൃതി ആകെ മാറിയിരിക്കുന്നു. ഇന്നത്തെ കിടാങ്ങളോട്‌ ചോദിച്ചാൽ ആൺ പെൺ ഭേദമെന്യേ തിരിച്ച്‌ ചോദിക്കും മേല്പറഞ്ഞതൊക്കെ  എന്താണ്‌ എന്ന്‌. മേല്പ്പറഞ്ഞവയിൽ മിക്കതും ഇപ്പോൾ ഡിസ്ക്കവറി ചാനലിലോ, നാഷണൽ ജ്യോഗ്രഫി ചാനലിലോ അല്ലെങ്കിൽ ഏതെങ്കിലും വിവരമില്ലാത്തവന്റെ കവിതകളിലോ മാത്രമേയുള്ളു.
        നാമെല്ലാം പറയാറുണ്ട്‌, കുഞ്ഞുങ്ങളുടെ മനസ്സ്‌ കളങ്കമില്ലാത്തതാണ്‌, പളുങ്കുപാത്രം പോലെ നിർമ്മലമാണ്‌ എന്നൊക്കെ. പിള്ള മനസ്സിൽ കള്ളമില്ല എന്ന ആപ്തവാക്യം ഓർക്കുക. വിദേശത്തെ ഒരു സർവകലാശാലയിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്‌, ഒരു 2 വയസ്സുകാരന്റെ മുന്നിലേക്ക്‌ എന്തെങ്കിലും ഒരു വസ്തുവോ, ഒരു കളിപ്പാട്ടമോ ഇട്ടുകൊടുത്താൽ അവൻ അതിനെ നശിപ്പിക്കുവാനുള്ള സാധ്യത 97% ആണെന്നാണ്‌. മേല്പ്പറഞ്ഞവ രണ്ടും ചേർത്ത്‌ വായിച്ചാൽ നശീകരണവാസന മനുഷ്യന്‌ ജന്മനാ ഉള്ള ഒരു സ്വഭാവവിശേഷം ആണെന്ന്‌ വലിയ ബുദ്ധിമുട്ടില്ലാതെ ആർക്കും മനസിലാക്കാവുന്നതാണ്‌. ഈ സവിശേഷ വാസന അവന്‌ വാസസ്ഥലത്തിനെന്ന പേരിൽ ആദ്യമായി ഭൂമിക്കുമേൽ പ്രയോഗിച്ചു. വാസസ്ഥലം കിട്ടിയപ്പോൾ പിന്നെ തടി വെട്ടി വിറ്റ്‌ കാശുണ്ടാക്കണമെന്നായി. ഇപ്പോൾ വികസനത്തിന്റെ പേര്‌ പറഞ്ഞ്‌ സർവവും നശിപ്പിക്കുകയാണ്‌. വെള്ളത്തിന്‌ മണ്ണിലേക്കിറങ്ങുവാൻ കൂടി കഴിയാത്ത വിധം കോൺക്രീറ്റ്‌ കൂടാരങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെയും നിർമ്മാണപ്രവർത്തനങ്ങളുടെയും പേരിൽ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു, കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നു, ജലസ്രോതസ്സുകളായ വയലേലകളും തണ്ണീർതടങ്ങളും നികത്തപ്പെടുന്നു.
       കാടും മേടും കാട്ടുപൂഞ്ചോലയുമെല്ലാം അന്യം നിന്നു പോകുന്ന അവസ്തയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നു. തനിക്ക്‌ വാസസ്ഥലമൊരുക്കാൻ പ്രകൃതിയിലെ മറ്റ്‌ ജീവജാലങ്ങളുടെ വാസസ്ഥലം നശിപ്പിച്ച മനുഷ്യൻ ഇപ്പോൾ വികസനത്തിന്റെ പേരുപറഞ്ഞ്‌ സ്വന്തം വാസസ്ഥലങ്ങൾ തന്നെ നശിപ്പിക്കുവാൻ മടികാട്ടുന്നില്ല. അതാണ്‌ ഇവിടെ കിനാലൂരും അവിടെ സിങ്കൂരും നാം കണ്ടത്‌. ആസന്നമരണയായ ഭൂമിയെ വീണ്ടും വീണ്ടും അപകടങ്ങളിലേക്കും അങ്ങനെ സർവനാശത്തിലേക്കും തള്ളിവിടുന്ന ഈ തെറ്റായ വികസന സമവാക്യം മറ്റേണ്ട സമയ അതിക്രമിച്ചിരിക്കുന്നു.
       കാലാവസ്ഥാ വ്യതിയാനങ്ങളും, ആഗോളതാപനവും, സസ്യജന്തുജീവജാലങ്ങളുടെ വംശനാശവും കരകടലാകുന്നതും, കടൽ കരയാകുന്നതുമെല്ലാം തന്നെ ആസന്നമായ വൻ ദുരന്തത്തിലേക്കുള്ള ചൂണ്ടുപലകകളാണ്‌. പണ്ടാരോ പറഞ്ഞു വയ്ച്ച പോലെ ഒന്നുകിൽ ഭൂമി സ്വയം പ്രതിരോധിക്കണം അല്ലെങ്കിൽ മനുഷ്യന്‌ വീണ്ടുവിചാരം ഉണ്ടാകണം എന്നാലേ ഇനി രക്ഷയുള്ളൂ. ഓരോ വർഷവും വരുന്ന ഈ പരിസ്ഥിതിദിനം, പുതിയ പ്രഖ്യാപനങ്ങളിലും പ്രതിജ്ഞകളിലും മാത്രം ഒതുങ്ങാതെ, പോയ വർഷങ്ങളിൽ തങ്ങളെടുത്ത പ്രതിജ്ഞകളോടും പ്രഖ്യാപനങ്ങളോടും തീരുമാനങ്ങളോടും ഇന്നാട്ടിലെ സർക്കാറുകളും സംഘടനകളും വ്യക്തികളും എത്രത്തോളം നീതി പുലർത്തി എന്ന്‌ ചിന്തിക്കേണ്ട ഒരവസരം കൂടിയാണ്‌. നമ്മുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഒരു പ്ളാച്ചിമടയിലോ, ഒരു ആതിരമ്പള്ളിയിലോ, ഒരു എൻഡോസൾഫാനിലോ മാത്രമൊതുങ്ങാതെ കൂടുതൽ യാതാർത്ഥ്യബോധത്തോടെ, സാമൂഹ്യബോധത്തോടെ, ദീർഘവീക്ഷണത്തൊടെ മുന്നോട്ട്‌ നീങ്ങേണ്ടതുണ്ട്‌. ഇന്ന്‌ നാം അനുഭവിക്കുന്ന പ്രകൃതിവിഭവങ്ങൾ പൂർവ്വികർ നമുക്കായി കാത്തുസൂക്ഷിച്ചതാണെന്നും അവ വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കേണ്ടതും കൈമാറേണ്ടതും നമ്മുടെ കടമയാണെന്നും ഉള്ള തിരിച്ചറിവ്‌ ഈ വർഷത്തെ പരിസ്ഥിതിദിനത്തിലെങ്കിലും മാനവർക്കുണ്ടാകട്ടെ എന്ന്‌ ആശിക്കുന്നു.

No comments:

Post a Comment